തിരുവനന്തപുരം: കരിയറിന്റെ പീക്ക് ടൈമിൽ പലതും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണെന്ന് നടി രഞ്ജിനി. എന്റെ എക്സ്പീരിയൻസ് മുഴുവൻ ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നു. എനിക്ക് വേണ്ടി മാത്രമല്ല സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചതെന്ന് രഞ്ജിനി പറഞ്ഞു.
1990ലാണ് ഞാൻ സിനിമ ഉപേക്ഷിച്ചത്. കരിയറിന്റെ പീക്ക് ടൈമിൽ ഇനി സിനിമ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോയ വ്യക്തിയാണ് ഞാൻ. എനിക്ക് പാരന്റസിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. എല്ലാം ദിവസവും എന്റെ അവകാശങ്ങൾക്ക് വേണ്ടി ഫൈറ്റ് ചെയ്യേണ്ട സ്ഥിതിയായിരുന്നു. ഒരു ജോലിക്ക് വരുമ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയുമല്ലേ ജോലി ചെയ്യേണ്ടത്. പ്രതിഫലം ചോദിച്ച് വാങ്ങിയാൽ പോലും നമ്മൾ പ്രശ്നക്കാരിയാണ് എന്ന് മുദ്ര കുത്തും, മടുത്ത് എല്ലാം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ എത്ര പേർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമെന്നും രഞ്ജിനി ചോദിച്ചു.
അനുഭവങ്ങൾ തുറന്ന് പറഞ്ഞപ്പോൾ രഞ്ജിനി പോലും ഇത്രയും അനുഭവിച്ചെങ്കിൽ താഴെ നിൽക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് കമ്മിറ്റിയംഗങ്ങളുടെ പ്രിതീകരണം.
നടിയെ ആക്രമിച്ചതിന് പിന്നാലെ ആദ്യം പ്രതികരിച്ച വ്യക്തിയാണ് ഞാൻ. ഒരു ട്രൈബ്യൂണൽ വന്നാലേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ. അല്ലെങ്കിൽ ഇത് അതേപടി തുടരുമെന്ന് ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു. അന്ന് പക്ഷെ അത് ആരും കാര്യമായി എടുത്തില്ല.
ഡബ്യൂസിസിക്കെതിരെ രൂക്ഷവിമർശനമാണ് രഞ്ജിനി ഉയർത്തിയത്. ഡബ്യൂസിസി തനിക്ക് ഒപ്പമുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ ഡബ്യൂസിസി കൈവിടുകയാണ് ചെയ്തത്, നടി വ്യക്തമാക്കി.















