മഹത്തായ ശിവഗിരി തീർത്ഥാടനത്തിന് നാന്ദികുറിക്കാൻ സാഹചര്യമൊരുക്കിയ ഇടമാണ് കോട്ടയം ജില്ലയിലെ നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ തേൻമാവിൻ ചുവട്. തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയമെത്തുന്നത്. ഇന്നും ഗുരുസ്മരണകളാൽ മുഖരിതമാണ് ക്ഷേത്രാങ്കണം
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് പരിപാവനമായ പുണ്യഭൂമിയാണ് നാഗമ്പടം മഹാദേവർ ക്ഷേത്രം. മീനച്ചിലാറിന്റെ കരയിൽ ശാന്ത സുന്ദരമായ സങ്കേതം. 1913 ൽ ഗുരുവിന്റെ നിർദേശപ്രകാരം നാഗമ്പടം മഹാദേവ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ശിഷ്യനായ സ്വാമി ബോധാനന്ദയാണ്. പിന്നീട് പലതവണ ഗുരുദേവൻ ഇവിടെ എത്തി. അപ്പോഴെല്ലാം അദ്ദേഹം ഈ തേന്മാവിന്റെ തണലിൽ വിശ്രമിച്ചിരുന്നു.
1928 ജനുവരി 16നു തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുവിന് മുന്നിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയമെത്തുന്നത്. മൂലൂർ എസ്.പത്മനാഭപ്പണിക്കർ, വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള തീർഥാടനമെന്ന ആശയം സമർപ്പിക്കുന്നതും ഗുരുവിൽ നിന്ന് അനുമതി നേടിയതും.
1998-ലെ 66-ാമത് ശിവഗിരി തീർത്ഥാടനം മുതൽ ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മ പതാക ഇവിടെ നിന്നും രഥഘോഷയാത്രയായി കൊണ്ട് പോകുന്നു. ഗുരുദേവൻ വിശ്രമിച്ച ക്ഷേത്രത്തിലെ തേന്മാവിൻ ഫലം വരപ്രസാദമായും, ഇവിടെ പ്രദക്ഷിണം ചെയ്‌താൽ മനശാന്തിയും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു.