മലയാള സിനിമ വ്യവസായത്തെ അങ്ങേയറ്റം നാണംകൊടുത്തുന്ന തരത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്.
നടിമാർ ഹോട്ടൽ മുറികളിൽ സുരക്ഷിതരല്ലെന്നും ഭയന്നാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. രാത്രിയിൽ പ്രമുഖർ അടക്കം വാതിൽ മുട്ടുന്നുവെന്നും, തുറന്നില്ലെങ്കിൽ വാതിൽ പൊളിച്ച് അകത്ത് വരുമോ എന്ന് ഭയമുണ്ടെന്നും മൊഴി നൽകിയിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ കൊല്ലം തുളസിയുടെ പഴയ അഭിമുഖമാണ് വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.
” ഒരു സിനിമയിൽ അഭിനയിക്കാനായാണ് തിരുവനന്തപുരത്ത് പോയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രൊഡക്ഷൻ എക്സിക്യൂട്ടിവിന്റെ ഭയങ്കര സ്വീകരണം. പ്രൊഡ്യൂസറുടെ മുറിയുടെ അടുത്തുള്ള എസി റൂമാണ് താമസിക്കാൻ തന്നത്. തിരിച്ച് പോകാൻ സമയത്ത് പ്രൊഡ്യൂസർ ഇങ്ങോട്ട് വരും വാതിൽ അടക്കരുതെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പറഞ്ഞു. എനിക്ക് വേറെ ദുഷ്ചിന്തയില്ലത് കൊണ്ട് ഒന്നും തോന്നിയില്ല. ശാപ്പാടൊക്കെ കഴിഞ്ഞ് രണ്ട് സ്മോൾ അടിച്ച് ഉറങ്ങാൻ കിടന്നു. പകുതി ഉറക്കത്തിൽ ആരോ കതക് തുറക്കുന്നത് പോലെ തോന്നി. ഒരാൾ എന്റെ അടുത്ത് വന്നിരുന്നു. ഉടനെ അയാൾക്ക് മനസിലായി ഇത് പെണ്ണല്ലെന്ന്. ഉടനെ പ്രൊഡ്യൂസർ സ്ഥലം വിട്ടു. കൊല്ലം തുളസി നടിയാണെന്ന് വിചാരിച്ചാണ് എനിക്ക് എസി റൂമോക്കെ തന്ന് അവിടെ താമസിപ്പിച്ചതെന്ന് പിന്നീട് മനസ്സിലായി”, നടൻ പറയുന്നു.















