തിരുവനന്തപുരം: സിനിമ മേഖലയിൽ ഒരുപാട് തെറ്റുകൾ തിരുത്താനുണ്ടെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. ഏറ്റവും കൂടുതൽ പുരുഷ മേധാവിത്വം നിലനിൽക്കുന്ന മേഖലയാണ് സിനിമ മേഖല. ഇത് അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ മുന്നിലേക്ക് വരണം. സ്ത്രീകളില്ലാതെ ഒരു സിനിമയില്ല. എന്നിട്ടും എന്തിനാണ് അവരെ രണ്ടാംതരക്കാരാക്കുന്നത്.
സിനിമാ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമില്ല എന്നുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും പികെ ശ്രീമതി പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി.
ആരോപണ വിധേയരുടെ പേര് പുറത്ത് വന്നാൽ മാത്രമേ കേസെടുക്കാൻ കഴിയൂ. തന്റേടത്തോടെ വനിതകൾ പേര് പരാതിയായി നൽകണം. സിനിമയിൽ സ്ത്രീകളോട് അടിമ മനോഭാവമാണുള്ളത്. റിപ്പോർട്ട് ഗൗരവത്തോടെ കണ്ട് സർക്കാർ നടപടി സ്വീകരിക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു. അമ്മ സംഘടനയെയും പി.കെ ശ്രീമതി വിമർശിച്ചു. സംഘടന ആർക്കു വേണ്ടിയാണ് നിലകൊളളുന്നതെന്നും സംഘടനയുടെ മുൻ നിര ഭാരവാഹികളിൽ സ്ത്രീകളില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.