ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പ്രതികളെ കണ്ടെത്തുന്നതിന് പകരം മമത സർക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു മമത സർക്കാർ ശ്രമിച്ചിരുന്നത്. എന്നാൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പിന്നീട് പ്രതികളെ സംരക്ഷിക്കാനും അവർ ശ്രമിച്ചു. കോളേജ് അടിച്ചു തകർത്ത് തെളിവുകൾ നശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും വൈകിപ്പിച്ചു. ഇതിൽ നിന്നെല്ലാം മമത സർക്കാർ പ്രതികളെ സംരക്ഷിക്കാനായിരുന്നു ശ്രമിച്ചിരുന്നതെന്ന് മനസിലാക്കാം.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
സസ്‌പെൻഡ് ചെയ്ത കോളേജ് പ്രിൻസിപ്പലിന് മറ്റൊരു കോളേജിൽ ജോലി നൽകിയത് ഇരയോട് കാണിച്ച അനീതിയാണ്. മമത സർക്കാർ ഇരയ്‌ക്കൊപ്പമോ യുവതിയുടെ കുടുംബത്തിനൊപ്പമോ നിലകൊള്ളാൻ ശ്രമിച്ചിട്ടില്ല. മമത സർക്കാരിന്റെ 500 ഓളം ഗുണ്ടകളാണ് കോളേജ് അടിച്ചു തകർക്കാൻ നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാരിനെതിരെ ഹൈക്കോടതിയും സുപ്രീം കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി അടുത്ത ദാരുണ സംഭവം ഉണ്ടാകാൻ കാത്തുനിൽക്കാതെ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന താക്കീത് നൽകി. പൊലീസിൽ നിന്നും കേസന്വേഷണം ഹൈക്കോടതി സിബിഐക്കും കൈമാറിയിരുന്നു.