ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി ഡൽഹി കോടതി. ഓഗസ്റ്റ് 27 വരെയാണ് ഡൽഹി റോസ് അവന്യൂ കോടതി കാലാവധി നീട്ടിയത്.
കെജ്രിവാളിനും മറ്റുള്ളവർക്കുമെതിരെ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രവും അതേദിവസം കോടതി പരിഗണിക്കാനിരിക്കുകയാണെന്ന് സ്‌പെഷ്യൽ കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. സിബിഐക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ ഡിപി സിംഗ് ആണ് ഹാജരായത്.
അറസ്റ്റിനെതിരെയും ജാമ്യം തേടിയും കെജ് രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സിബിഐയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. ഓഗസ്റ്റ് 23 നകം മറുപടി അറിയിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് നിർദ്ദേശിച്ചിരിക്കുന്നത്.
കളളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ ഉണ്ടായിട്ടും മൂന്ന് തവണ കെജ് രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ ചൂണ്ടിക്കാട്ടി. അങ്ങനെയുളള ഒരു വ്യക്തിക്കാണ് സ്വാഭാവിക ജാമ്യം നിഷേധിക്കപ്പെടുന്നതെന്നുമായിരുന്നും സിംഗ് വിയുടെ വാദം.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.















