ന്യൂഡൽഹി : രാഷ്‌ട്രപതിഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യൻ പ്രധാനമന്ത്രിയായശേഷം ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇബ്രാഹീമിനെ സ്വാഗതം ചെയ്ത രാഷ്‌ട്രപതി ജനാധിപത്യം, ബഹുസ്വരത, പരസ്പര ബഹുമാനം എന്നിവയുടെ പൊതുവായ മൂല്യങ്ങൾ ഇന്ത്യ-മലേഷ്യ ബന്ധത്തിന്റെ വഴികാട്ടിയാണെന്ന് പറഞ്ഞു.
‘ഗ്ലോബൽ സൗത്തിലെ’ ശക്തമായ പങ്കാളിയായാണ് ഇന്ത്യ മലേഷ്യയെ കാണുന്നതെന്നും ആസിയാനിലെയും ഇന്ത്യയുടെ പ്രധാന പങ്കാളി കൂടിയാണ് മലേഷ്യയെന്നും രാഷ്‌ട്രപതി പറഞ്ഞു.ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലും ഇന്തോ – പസഫിക് വീക്ഷണത്തിലും മലേഷ്യയ്‌ക്ക് പ്രധാന സ്ഥാനമുണ്ടെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
2025 ൽ ആസിയാന്റെ അദ്ധ്യക്ഷപദം ഏറ്റെടുക്കുന്ന മലേഷ്യയ്‌ക്ക് രാഷ്‌ട്രപതി ആശംസ അറിയിച്ചു. മലേഷ്യയുമായി തുടർന്നും സഹകരിക്കുമെന്നും സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ സഹകരണവും നൽകുമെന്നും ആവർത്തിച്ചു. മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിമിനും രാഷ്‌ട്രപതി ആശംസകൾ അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ അൻവർ ഇബ്രാഹിമിനെ കേന്ദ്ര സഹമന്ത്രി വി സോമണ്ണയാണ് സ്വീകരിച്ചത്.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.















