തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി തസ്മിത് ബീഗം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായി വിവരം. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർ വശത്തെ സീറ്റിലിരുന്ന യാത്രക്കാരിയായ ബബിതയാണ് കുട്ടിയുടെ ചിത്രം ഉൾപ്പടെ പൊലീസിന് കൈമാറി.
ഇന്ന് പുലർച്ചെ 3.30-ഓടെയാണ് നിർണായക വിവരം പൊലീസിന് കൈമാറിയത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഈ സമയം കുട്ടിയും ട്രെയിനിൽ കയറിയെന്ന് സഹയാത്രക്കാരി പറഞ്ഞു. പാറശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നത് കണ്ട് അസ്വാഭാവികത തോന്നിയതിനാലാണ് ബബിത ഫോട്ടോയെടുത്തത്. കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
രാത്രിയോടെ കുട്ടിയെ കാണ്മാനില്ലെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നുമുള്ള സോഷ്യൽ മീഡിയ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യുവതി ഫോട്ടോ ഉൾപ്പടെ പൊലീസിന് കൈമാറിയത്. ഫോട്ടോയിലുള്ളത് മകളാണെന്ന് കുടുബവും സ്ഥിരീകരിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. വിവരവും ഫോട്ടോയും കന്യാകുമാരി പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.
കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ACP സൈബർ സിറ്റി: 9497960113, കഴക്കൂട്ടം എസ്ഐ: 9497980111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.