കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾക്കായി അന്വേഷണം പുരോഗമിക്കുന്നു. തസ്മിദിന്റെ സഹോദരൻ ചെന്നൈയിലുണ്ടെന്നും സഹോദരനെ കാണാനായി പോയതാണോ കുട്ടിയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സഹോദരൻ വാഹിദിൽ നിന്ന് വിവരങ്ങൾ തേടിയതായി പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബീച്ചിന് സമീപമുള്ള ഓട്ടോ ഡ്രൈവർമാർ സ്റ്റേഷന് പുറത്ത് പുലർച്ചെ 5.30-ന് കുട്ടിയെ കണ്ടതായി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കുട്ടിയെ കണ്ട ഓട്ടോ ഡ്രൈവർമാർക്കൊപ്പം തെരച്ചിൽ പുരോഗമിക്കുകയാണ്. കേരള, തമിഴ്നാട് പൊലീസ് സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
പെൺകുട്ടിയെ കണ്ടെത്താനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കന്യാകുമാരിയിലേക്ക് പുറപ്പെടും. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.















