എറണാകുളം: മികച്ച കർഷകന് 1,000 രൂപ വിലയുള്ള പാൽപാത്രം സമ്മാനമായി നൽകുമെന്ന് മിൽമ. പത്ത് ലിറ്റർ ശേഷിയുള്ള പാത്രമാകും നൽകുക. എറണാകുളം മേഖലാ യൂണിയന്‍റെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ 1,000-ത്തോളം ക്ഷീര സംഘങ്ങളിലെ കർഷകർക്കാണ് സമ്മാനം നൽകുക.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതമാകും പാൽപാത്രം സമ്മാനം നൽകുകയെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന യൂണിയനായി തിരഞ്ഞെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ലഭിച്ച എട്ടുകോടി രൂപ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 20,000 പാൽപാത്രം വീതം കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.