മലപ്പുറം: ജില്ല പൊലീസ് മേധാവി എസ്. ശശീധരനെ പൊതുവേദിയിൽ അപമാനിച്ച് പി. വി അൻവർ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധം. നിലമ്പൂർ എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. അൻവർ പ്രസ്‌താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണമെന്ന ആവശ്യവും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.
മലപ്പുറം എസ്.പിയെ പല മാർഗത്തിൽകൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി പി.വി അൻവർ എംഎൽഎ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎൽഎ തയ്യാറാകണം. പി വി അൻവർ പ്രസ്‌താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണമെന്നും പ്രമേയത്തിൽ പറയുന്നു. എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ വെച്ചാണ് മലപ്പുറം എസ്പി എസ്. ശശീധരനെ അൻവർ അധിക്ഷേപിച്ചത്. എസ്പി പരിപാടിക്ക് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപ്പിച്ചത്. തന്റെ പാർക്കിലെ 2000 കിലോ ഭാരമുള്ള വെള്ളിച്ചങ്ങല മോഷണം പോയിട്ട് കണ്ടു പിടിച്ച് തന്നില്ല. ഏത് പൊട്ടനും ഇത് കണ്ടെത്താം. അതിന് വേണ്ടി ഒരു ഫോൺ കോൾ പോലും തന്നെ വിളിച്ചിട്ടില്ല. തുടങ്ങി അങ്ങേയറ്റം അധിക്ഷേപരമായ വാക്കുകളാണ് എംഎൽഎ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉപയോഗിച്ചത്. അപമാനിതമായതിന് പിന്നാലെ മുഖ്യ പ്രസംഗം ഒറ്റ വരിൽ ഒതുക്കി പ്രസംഗിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് പറഞ്ഞ് എസ്പി വേദി വിട്ടു.















