മലപ്പുറം: പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എംഎൽഎയുടെ പ്രസംഗം വിവാദമായതിന് പിന്നാലെ മറുപടിയുമായി എസ്പി എസ്.ശശീധരൻ. “എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് താൻ.
10.30ന് എത്താനാണ് സംഘാടകർ അറിയിച്ചിരുന്നത്. 10.25ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെത്തുകയും ചെയ്തു. എംഎൽഎ പരാമർശിച്ച കേസ് താൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ വെച്ചാണ് മലപ്പുറം എസ്പി എസ്. ശശീധരനെ അൻവർ അധിക്ഷേപിച്ചത്. എസ്പി പരിപാടിക്ക് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപ്പിച്ചത്. തന്റെ പാർക്കിലെ 2000 കിലോ ഭാരമുള്ള വെള്ളിച്ചങ്ങല മോഷണം പോയിട്ട് കണ്ടു പിടിച്ച് തന്നില്ല. ഏത് പൊട്ടനും ഇത് കണ്ടെത്താം. അതിന് വേണ്ടി ഒരു ഫോൺ കോൾ പോലും തന്നെ വിളിച്ചിട്ടില്ല. തുടങ്ങി അങ്ങേയറ്റം അധിക്ഷേപരമായ വാക്കുകളാണ് എംഎൽഎ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഉപയോഗിച്ചത്. അപമാനിതമായതിന് പിന്നാലെ മുഖ്യ പ്രസംഗം ഒറ്റ വരിൽ ഒതുക്കി പ്രസംഗിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് പറഞ്ഞ് എസ്പി വേദി വിട്ടു.
അൻവർ എംഎൽഎയുടെ നടപടിയിൽ പൊലീസ് സേനയിൽ അമർഷം ശക്തമാണ്. അൻവർ പ്രസ്‌താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണമെന്ന ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ അറിയിച്ചു.















