ശരീരഭാരം കുറച്ച് ഫിറ്റായി ഇരിക്കുകയെന്നതാണ് ഭൂരിഭാരം പേരുടെയും ലക്ഷ്യം. ഇതിനായി എന്ത് വില കൊടുത്തും എന്തും ചെയ്യാൻ തയ്യാറാണ് മിക്കവരും. കഠിനമായ വ്യായമങ്ങൾ ചെയ്തും ആഹാരം നിയന്ത്രിച്ചും ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ചില പ്രത്യേക ആഹാരങ്ങളും കഴിക്കാറുണ്ട്.
ശരീരഭാരം കുറയ്‌ക്കാൻ പേരുകേട്ടവയിലൊന്നാണ് ഗ്രീൻ ടീ. ദിവസവും മൂന്നും നാലും ഗ്ലാസ് ഗ്രീൻ ടീ വരെ കുടിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. കുടുംപുളി, അശ്വഗന്ധ, മഞ്ഞൾ എന്നിവയും ശരീരഭാരം കുറയ്‌ക്കുമെന്നാണ് പറയപ്പെടുന്നത്. ഇവയെല്ലാം പ്രകൃതിദത്തമെന്ന പേരിലാണ് പുറത്തിറങ്ങുന്നതെങ്കിലും ഇവ അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്.
മിച്ചിഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കരൾ രോഗികളിൽ അഞ്ച് ശതമാനം പേരും മഞ്ഞൾ, ഗ്രീൻ ടീ, റെഡ് യീസ്റ്റ് റൈസ്, കുടുംപുളി, അശ്വഗന്ധ എന്നിവയിൽ ഒന്നെങ്കിലും സ്ഥിരമായി കഴിക്കുന്നവരായിരുന്നുവെന്ന് തെളിഞ്ഞു. യുഎസിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 15.6 ദശലക്ഷം പേരാണ് ഇത്തരത്തിൽ കരൾ രോഗം ബാധിച്ചതായി കണ്ടെത്തിയത്.
ഹെർബർ, ഡയറ്ററി സപ്ലിമെന്റുകൾ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെങ്കിലും ക്രമേണ ഇത് കരളിന് ദോഷം ചെയ്യുമെന്നാണ് കണ്ടെത്തൽ. പഠന വിധേയരാക്കിയവരിൽ ഏകദേശം 11.4 ദശലക്ഷം മുതിർന്നവരാണ് മഞ്ഞൾ ഉപയോഗിക്കുന്നത്. 3.3 ദശലക്ഷം പേരാണ് ഗ്രീൻ ടീ സത്ത് ഉപയോഗിക്കുന്നത്. ഇവയെല്ലാം ഉയർന്ന അളവിൽ കഴിക്കുന്നത് കരളിന് തകരാർ സംഭവിക്കാൻ ഇടയാക്കുന്നു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)യുടെ അനുമതി ഇല്ലാതെയാണ് മിക്ക സപ്ലിമെന്റുകളും വിൽക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. സ്ത്രീകൾ, പ്രായമായവർ തുടങ്ങിയവരാണ് ഇത്തരം പ്രകൃതിദത്ത ഉത്പന്നങ്ങൾ കഴിക്കുന്നത്. കരൾ രോഗത്തിന് പുറമേ സന്ധിവാതം പോലുള്ള അവസ്ഥയിലേക്കും ഇത് നയിച്ചേക്കാമെന്ന് പഠനം പറയുന്നു.















