മലയാള സിനിമയിൽ തിലകനെതിരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സമയത്ത് അദ്ദേഹത്തെ സിനിമയിലേക്ക് നിർദ്ദേശിച്ചത് സുരേഷ് ഗോപി മാത്രമായിരുന്നുവെന്ന് തിലകന്റെ മകൾ സോണിയ തിലകൻ. സുരേഷ് ഗോപിയുടെ പേര് പറയാതിരിക്കാൻ കഴിയില്ല എന്നും ചിന്താമണി കൊലക്കേസ് അടക്കമുള്ള ചിത്രങ്ങളിലേക്ക് വിലക്കിനെ മറികടന്ന് സുരേഷ് ഗോപി തിലകനെ വിളിച്ചുവെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.
“അച്ഛനെ സീരിയലിൽ നിന്ന് മാറ്റി നിർത്താൻ ആത്മ സംഘടനയുടെ പ്രസിഡന്റ് ശ്രമിച്ചു. അച്ഛന്റെ അടക്കം തൊഴിലിടമാണ് സിനിമ. അവരുടെ തൊഴിലാണ് നഷ്ടമാവുന്നത്. ഈയൊരു പീഡനത്തിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുവന്ന് മരണപ്പെട്ട ഒരു നടന്റെ മകൾ എന്ന നിലയിൽ സർക്കാരിനോട് ഒരു അപേക്ഷയുണ്ട്. ഇത്രയും വ്യക്തമായ ഒരു റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടും വേട്ടക്കാരെ സംരക്ഷിക്കാതെ അവർക്കെതിരെ ശക്തമായ നടപടിയെടുത്ത് ഒരു മാതൃകയാകണം”.
“അച്ഛൻ കടന്നുപോയ ഒരു അവസ്ഥയിലൂടെ ഇനി ഒരാളും കടന്നുപോകരുത്. പത്തോ പതിനഞ്ചോ പേർ തീരുമാനിച്ചാൽ ഓരോരുത്തരുടെയും ഭാവി ഇല്ലാതാക്കാം. അപ്രഖ്യാപിത വിലക്കായിരുന്നു ഇവരുടെ രീതി. അച്ഛനെ പല സിനിമകളിൽ നിന്നും പുറത്താക്കി. ഒരു പേര് എടുത്തു പറയാതിരിക്കാൻ കഴിയില്ല. വിലക്കേർപ്പെടുത്തിയിരുന്ന സമയം ചിന്താമണി കൊലക്കേസ് എന്ന സിനിമയിലേക്ക് സുരേഷ് ഗോപിയാണ് അച്ഛനെ നിർദ്ദേശിക്കുന്നത്. ഒരുപാട് സിനിമകളിൽ നിന്ന് മാറ്റി നിർത്തിയ സമയത്ത് സുരേഷ് ഗോപി പല സിനിമകളിലേക്കും അച്ഛനെ വിളിച്ചു. തന്നെ എല്ലാ സിനിമകളിലേക്കും ഇനി നിർദ്ദേശിക്കേണ്ട എന്ന് അച്ഛൻ തന്നെയാണ് സുരേഷ് ഗോപിയോട് പറഞ്ഞത്. അത് നിങ്ങൾക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സുരേഷ് ഗോപിയോട് അച്ഛൻ പറഞ്ഞു”- സോണിയ തിലകൻ പറഞ്ഞു.















