കോട്ടയം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്ന് മുണ്ടയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി. സിബിഐയോട് തനിക്ക് അറിവുന്ന എല്ലാം കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ലോഡ്ജ് ഉടമയോടുള്ള പ്രശ്നം മൂലമാണ് ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഉടമ
തന്നെ പേടിപ്പിച്ച് നിർത്തുകയായിരുന്നു. മാദ്ധ്യമങ്ങളോട് ഇനി കൂടുതലായി ഒന്നും പറയാനില്ലെന്നും മുണ്ടക്കയം ടിബിയിൽ എത്തി മൊഴി നൽകിയതിന് പിന്നാലെ അവർ പറഞ്ഞു
രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി എടുത്തത്. കഴിഞ്ഞ ദിവസം ലോഡ്ജ് ഉടമ ബിജു സെവ്യറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസമായി സിബിഐ സംഘം മുണ്ടക്കയം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ശക്തമായി തുടരുന്നുവെന്ന് സിബിഐ സംഘവും പ്രതികരിച്ചു.
കാണാതാവുന്നതിന് ദിവസങ്ങൾക്കു മുമ്പ് ജെസ്നയെ ഒരു യുവാവിനൊപ്പം ലോഡ്ജിൽ കണ്ടുവെന്നായിരുന്നു മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. കാണാതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചിരുന്നുവെങ്കിലും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാരി പറഞ്ഞിരുന്നു. പ്രസ്തുത ലോഡ്ജിന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ജെസ്നയുടെ ദൃശ്യങ്ങൾ അവസാനമായി ലഭിച്ചിരുന്നത്. ഏകദേശം പത്ത് വർഷത്തോളം ബിജുവിന്റെ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ















