ജനങ്ങളും സർക്കാരും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെ സിനിമകൾ ചെയ്യുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി. ഒറ്റക്കൊമ്പൻ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇരുപത്തി രണ്ടോളം സിനിമകൾക്ക് സമ്മതം മൂളിയിട്ടുണ്ടെന്നും താരം പ്രതികരിച്ചു. കേരള ഫിലിം ചേംബർ കൊമേഴ്സ് സംഘടിപ്പിച്ച സ്നേഹാദരവിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറാം തീയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശംസകൾ ഉണ്ടാവണം. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നവ നിർമ്മാണം നടത്തിയ, അതിന്റെ ഓരോ കല്ലും കൊത്തിയ അഞ്ചു മൂർത്തിയാർ. ആ ചിത്രവും ഞാൻ ചെയ്യുന്നുണ്ട്. ഏതാണ്ട് 22 സിനിമകളുടെ സ്ക്രിപ്റ്റ് കേട്ട് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര സിനിമ ചെയ്യാനുണ്ടെന്ന് എന്നോട് ചോദിച്ചപ്പോൾ 22 പടം ഉണ്ടെന്ന് ഞാൻ അമിത് ഷാജിയോട് പറഞ്ഞു. അത് കേട്ടപ്പോൾ ആ പേപ്പർ അതേപടിയെടുത്ത് അദ്ദേഹം മാറ്റിവെച്ചു”.
“സിനിമ ചെയ്യാൻ അനുവദിക്കാമെന്ന് അമിത് ഷാജി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സെപ്റ്റംബർ 6ന് ഞാൻ ഷൂട്ടിംഗ് തുടങ്ങുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ എന്റെ ഓഫീസിൽ നിന്നുള്ളവർ ഉണ്ടായിരിക്കും. എന്റെ പാഷൻ അത് സിനിമയാണ്. അതില്ലെങ്കിൽ ചത്തു പോകും”-സുരേഷ് ഗോപി പറഞ്ഞു.