മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് തുടർച്ചയായ രണ്ടാം വർഷവും ആഗോള സെൻട്രൽ ബാങ്ക് മേധാവികൾക്കിടയിൽ “A+” റേറ്റിംഗ്. പണപ്പെരുപ്പം നിയന്ത്രിക്കൽ, സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ, കറൻസി സ്ഥിരത, പലിശ നിരക്ക് എന്നിവയിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. ആഗോള ഫിനാൻസ് മാഗസിന്റെ ‘സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ് 2024’ ആണ് സെൻട്രൽ ബാങ്ക് മേധാവികളുടെ റാങ്കിംഗ് പട്ടിക തയ്യാറാക്കിയത്.
ഗവർണറെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, സാമ്പത്തിക വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് പറഞ്ഞു. ശക്തികാന്ത ദാസിന് പുറമേ ഡെൻമാർക്കിലെ ക്രിസ്റ്റ്യൻ കെറ്റിൽ തോംസെൻ, സ്വിറ്റ്സർലൻഡിലെ തോമസ് ജോർദാൻ എന്നിവരും “A+” റേറ്റിംഗ് സ്വന്തമാക്കി.
ബ്രസീലിന്റെ റോബർട്ടോ കാമ്പസ് നെറ്റോ, ചിലിയുടെ റൊസന്ന കോസ്റ്റ, മൗറീഷ്യസിന്റെ ഹർവേശ് കുമാർ സീഗോലം, മൊറോക്കോയുടെ അബ്ദുലത്തീഫ് ജൊഹാരി, ദക്ഷിണാഫ്രിക്കയുടെ ലെസെറ്റ്ജ കഗന്യാഗോ, ശ്രീലങ്കയുടെ നന്ദലാൽ വീരസിംഗ, വിയറ്റ്നാമിന്റെ എഗുയെൻ തി ഹോങ് എന്നിവർക്ക് എ റേറ്റിംഗ് ലഭിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണപ്പെരുപ്പത്തിനെതിരെ ശക്തമായ നടപടികളാണ് സെൻട്രൽ ബാങ്ക് തലവൻമാർ സ്വീകരിച്ചതെന്നും പലിശനിരക്ക് മികച്ച ആയുധമായി ഉപയോഗിച്ചെന്നും ഗ്ലോബൽ ഫിനാൻസ് സ്ഥാപകനും എഡിറ്റോറിയൽ ഡയറക്ടറുമായ ജോസഫ് ജിയാറപുട്ടോ പറഞ്ഞു. പ്രകടനം വിലയിരുത്തി A+ മുതൽ AF വരെയാണ് റേറ്റിംഗ് നൽകിയത്.















