മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് ജാതി സംവരണമില്ലെന്ന് പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റിന്റെ ആനുകൂല്യം നേടാൻ വലിയ തിരിമറിയും ക്രമക്കേടും നടത്തിയ ഇവർ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നും കണ്ടെത്തി. ഇതുപയോഗിച്ചാണ് യുപിഎസ്.സി സിവിൽ സർവീസ് പരീക്ഷയ്‌ക്ക് അപേക്ഷിച്ചത്.
കൂടുതൽപേർ തട്ടിപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡൽഹി പാെലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയുടെ മുൻകൂർ ജാമ്യം പൊലീസ് എതിർത്തിരുന്നു. ഇവർക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇന്ന് വരെയാണ് പൂജയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഈ കേസ് പൊതുവിശ്വാസത്തിന് ആഘാതമുണ്ടാക്കി. യു പി എസ് സി പരീക്ഷയുടെയും സെലക്ഷൻ നടപടിക്രമങ്ങളുടെയും വിശ്വാസ്യതയെയും നീതിയെയും കേസ് ബാധിച്ചിട്ടുണ്ട്. ഇവർക്ക് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ സംരക്ഷണം നൽകിയാൽ ഇ-മെയിലുകൾ, മെസേജുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇതൊന്നും അധികൃതർക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരത്തെ തട്ടിപ്പ് കണ്ടെത്തിയതോടെ ഇവരുടെ ഐഎഎസ് യു പി എസ് സി റദ്ദാക്കുകയും പരീക്ഷകളിൽ നിന്ന് ദീബാർ ചെയ്യുകയും ചെയ്തിരുന്നു.