എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് സിനിമാ നിർമാതാവും ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സജി നന്ദ്യാട്ട്. ഡബ്ല്യുസിസിയിലെ നടിമാർ തന്നെ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച മൊഴിയാണിതെന്ന് ഇതിൽ നിന്നും മനസിലാക്കാമെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യൽ അധികാരമുള്ള കമ്മിറ്റി അല്ല റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിരവധി പേർ പ്രവർത്തിക്കുന്ന മേഖലയിൽ എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഐസിസിയിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ പരാതികൾ ലഭിക്കട്ടെ. ഐസിസിയിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. ഇതു ലഭിക്കുന്നതിനനുസരിച്ച് സംഭവങ്ങൾ പരിശോധിക്കും. നിലവിലെ റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് നിസംശയം പറയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിനിമ ഷൂട്ടിംഗ് സെറ്റുകളിൽ ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഫിലിം ചേംബർ ആവശ്യമായ പരിശോധനകൾ നടത്താറുണ്ടെന്നും ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കപ്പും വ്യക്തമാക്കി.