തിരുവനന്തപുരം: 2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇത്തവണയും സദ്യയിൽ മുമ്പനായ പപ്പടത്തെയും ഉപ്പേരിയെയും സർക്കാർ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കൊപ്പം പഞ്ചസാരയ്‌ക്കും ശർക്കരയ്‌ക്കും കിറ്റിൽ ഇടമില്ല. വിതരണത്തിനായി 34.29 കോടി രൂപ സപ്ലൈകോയ്‌ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും. 2020 നൽകിയ കിറ്റിൽ പപ്പടം നൽകിയിരുന്നെങ്കിലും ഗുണനിലവാരമില്ലെന്ന വിമർശനം സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതോടെയാണ് പപ്പടത്തെ പടികടത്തിയത്. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കും.