തെങ്കാശി: ഒണ്ടിവീരൻ വീരവണക്ക ദിനവും പുലിതേവൻ ജന്മദിനവും പ്രമാണിച്ച് തെങ്കാശി ജില്ലയിൽ ജില്ലാ ഭരണകൂടം കർഫ്യൂ പുറപ്പെടുവിച്ചു. തെങ്കാശി ജില്ലയിലെ നെൽക്കാട്ടുംസേവൽ ഏരിയയിലാണ് പുലിദേവന്റെ 309-ാം ജന്മദിന പരിപാടി നടക്കുന്നത്. ആഗസ്റ്റ് 30 ന് വൈകുന്നേരം 6 മുതൽ സെപ്റ്റംബർ 2 ന് രാവിലെ 10 വരെയാണ് കർഫ്യൂ പ്രാബല്യത്തിൽ വരുന്നത് എന്ന് തെങ്കാശി ജില്ലാ കളക്ടർ കമൽ കിഷോർ അറിയിച്ചു.
ഒണ്ടിവീരൻ വീരവണക്ക ദിനം പ്രമാണിച്ച് ഈ മാസം 18 നു വൈകുന്നേരം മുതൽ 21ന് രാവിലെ വരെ നാല് ദിവസത്തേക്ക് കർഫ്യൂ നോട്ടീസ് നേരത്തെ നൽകിയിരുന്നു.
കർഫ്യൂ വിജ്ഞാപനമനുസരിച്ച് നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടിയാൽ നിയമപ്രകാരം നടപടിയെടുക്കും. ഈ രണ്ട് പരിപാടികൾക്കായി തെങ്കാശി ജില്ലയിൽ മൊത്തം ആറ് ദിവസത്തേക്കാണ് കർഫ്യൂ ഉണ്ടായിരിക്കുക. അതിൽ മൂന്നു ദിവസത്തേ കർഫ്യൂ കഴിഞ്ഞു.
പുലിതേവന്റെ 309-ാം ജന്മദിന പരിപാടിയിൽ പങ്കെടുക്കാൻ തെങ്കാശി ജില്ലയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളും സാമുദായിക സംഘടനകളും എത്തിച്ചേരുന്ന ആഗസ്റ്റ് 30 ന് വൈകുന്നേരം 6.00 മുതൽ സെപ്റ്റംബർ 2-ന് രാവിലെ 10.00 വരെ, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023 നിയമത്തിലെ സെക്ഷൻ 163 (1), (2) എന്നീ ചട്ടങ്ങളാണ് പ്രാബല്യത്തിൽ വരിക.
ഈ സമയം ആൾക്കൂട്ടമുണ്ടാകാതെ ഒരേസമയം പരമാവധി നാല് പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ പൂർണ്ണ സഹകരണം നൽകണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ പേരിൽ അഭ്യർത്ഥിക്കുന്നതായി ഉത്തരവിൽ പറയുന്നു.
തമിഴ്‌നാട്ടിലെ തെങ്കാശിജില്ലയിലെ ശങ്കരൻകോവിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന നേർക്കട്ടുംസേവൽ ഭരിച്ചിരുന്ന ഒരു തമിഴ് നാട്ടുരാജാവായിരുന്നു പുലി തേവൻ. 1857-ലെ ശിപായി ലഹളയ്‌ക്ക് മുമ്പുതന്നെ ബ്രിട്ടീഷുകാർക്കെതിരായ പൊളിഗാർസ് കലാപം (Palayakkarars’ Revolt )നയിച്ച അദ്ദേഹം തിരുവിതാംകൂർ രാജ്യവുമായി നല്ല ബന്ധം പുലർത്തിയിരുന്നു .