മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പരസ്യമായി അപമാനിച്ചതിന് പിന്നാലെ വീണ്ടും പരിഹാസവുമായി പി.വി അൻവർ എംഎൽഎ. എസ്പി എസ്. ശശീധരനെതിരായ അപകീർത്തികരമായ പരാമർശത്തിൽ എംഎൽഎ പരസ്യമായി മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഫേയ്സ്ബുക്ക് പേജിൽ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പ്( ഭൂപടം ) അൻവർ പോസ്റ്റ് ചെയ്തു. കേരളത്തിന്റെ മാപ്പുണ്ട്.. മലപ്പുറം ജില്ലയുടെ മാപ്പുണ്ട്.. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്… എന്ന കുറിപ്പൊടെയാണ് മാപ്പുകൾ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ വെച്ചാണ് മലപ്പുറം എസ്പി എസ്. ശശീധരനെ അൻവർ അധിക്ഷേപിച്ചത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്‌ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ പരാമർശം പിൻവലിച്ച് അൻവർ പരസ്യമായി മാപ്പ് പറണമെന്ന് ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു.