കോഴിക്കോട്: ടിഎൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സ് ബോർഡുകൾ പാർട്ടിക്കുളളിൽ ചർച്ചയാകുന്നു. ‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’ എന്നെഴുതിയ ബോർഡുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
ടി.എൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ. സംഭവത്തിൽ മലബാറിലെ കോൺഗ്രസ് നേതാക്കളിൽ പലർക്കും അമർഷം ഉളളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പേരിലാണ് ഫ്‌ളെക്‌സ് ബോർഡ്. തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകനാണ് പ്രതാപനെന്നും ഫ്‌ളക്‌സിൽ ആരോപിക്കുന്നു.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയം കോൺഗ്രസിനുളളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരുന്നത്. ആദ്യം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത് സിറ്റിംഗ് എംപിയായിരുന്ന ടിഎൻ പ്രതാപനെയാണ്. എന്നാൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതോടെ കോൺഗ്രസ് പദ്മജയുടെ സഹോദരൻ കെ മുരളീധരനെ തിടുക്കപ്പെട്ട് സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
പരാജയത്തിന് പിന്നാലെ പ്രചാരണത്തിലുൾപ്പെടെ പാർട്ടി വീഴ്ച വരുത്തിയതായി ആരോപിച്ച് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഡിസിസി അദ്ധ്യക്ഷനുൾപ്പെടെ സ്ഥാനമൊഴിയേണ്ടി വന്നു. സ്ഥാനാർത്ഥിത്വം ഒഴിഞ്ഞതിന് പിന്നാലെ ടിഎൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു.