ന്യൂഡൽഹി: നക്സൽ ഭീഷണികൾ തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ ഉന്നതതല യോഗം ചേരും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി 23-നാണ് അമിത് ഷാ ഛത്തീസ്ഗഡിലെത്തുന്നത്.
നക്സൽ ഭീഷണികൾ തടയുന്നതിന് കൈക്കൊണ്ട നടപടികളെക്കുറിച്ചും നക്സൽ വിരുദ്ധ ഓപ്പറേഷനുകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പൊലീസ് മേധാവികളും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലായിരിക്കും യോഗം ചേരുക.
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന വെല്ലുവിളികളും മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. നക്സൽ ബാധിതാ സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ കുറിച്ചും യോഗത്തിൽ ചർച്ചയാകും.
രണ്ട് ദിവസം നടക്കുന്ന യോഗം 24-നാണ് ആരംഭിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡയറക്ടർ ഇൻ്റലിജൻസ് ബ്യൂറോ തപൻ ദേക, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മേധാവി അനീഷ് ദയാൽ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.
അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം അമിത് ഷാ റായ്പൂരിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.















