ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാധകരുടെ ആവശ്യം കണക്കിലെടുത്ത് ഒടുവിൽ താൻ യൂട്യൂബ് ചാനൽ (YouTube Channel) ആരംഭിച്ചുവെന്ന് താരം അറിയിച്ചു. തന്റെ പുതിയ യാത്രയിൽ എല്ലാവരും പങ്കാളികളാകണമെന്നും ക്രിസ്റ്റ്യാനോ അഭ്യർത്ഥിച്ചിട്ടുണ്ട്.
UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ഇതുവരെ 18 വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ചാനലിന് 1 മില്യൺ സബ്സ്ക്രൈബേഴ്സ് ആകുന്ന തരത്തിലാണ് ഗ്രാഫ് ഉയരുന്നത്. ചാനലിൽ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും 5 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയിട്ടുണ്ട്.
2024 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം അതിവേഗം 1 മില്യൺ നേടിയ യൂട്യൂബ് ചാനലെന്ന നേട്ടം സൗത്ത് കൊറിയൻ ഗായികയായ ജെന്നി റൂബി ജെയിനാണ്. ഈ റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരുത്താൻ പോകുന്നത്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്‌ക്കുള്ളത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് 39-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൾ ആളുകൾ പിന്തുടരുന്നത് താരത്തെയാണെന്നാണ് റിപ്പോർട്ട്.