സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയായി ബോളിവുഡ് താരം ശ്രദ്ധ കപൂർ. 91. 5 മില്യൺ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിനുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത്. പ്രിയങ്ക ചോപ്രയാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രണ്ടാമത്തെ ഇന്ത്യൻ താരം. വിരാടിന് 271 മില്യൺ ഫോളോവേഴ്സും പ്രിയങ്ക ചോപ്രക്ക് 91.8 മില്യൺ ഫോളോവേഴ്സുമാണുള്ളത്. ശ്രദ്ധ കപൂർ നായികയായി പുറത്തെത്തിയ ചിത്രമായ ‘സ്ത്രീ’യുടെ ജനപ്രീതിയാണ് താരത്തിന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതെന്നാണ് റിപ്പോർട്ട്.
തിയേറ്ററിലെത്തി ആറ് ദിവസം കൊണ്ട് 250 കോടിയിലധികമാണ് സ്ത്രീ നേടിയത്. വലിയ പ്രേക്ഷകശ്രദ്ധ നേടി ബോക്സോഫീസിൽ കുതിക്കുകയാണ് ചിത്രം. സ്ത്രീയിലെ ശ്രദ്ധ കപൂറിന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവക്കുന്നത്.
അമർ കൗശികിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഓഗസ്റ്റ് 15-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേത് പോലെ തന്നെ രണ്ടാം ഭാഗത്തിനും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 76 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ.















