ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. സുപ്രീംകോടതി രൂപീകരിച്ച ദേശീയ ദൗത്യ സേനയുടെ (NTF) ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പാലിക്കേണ്ട ക്രമീകരണക്കുറിച്ച് ശുപാർശ നൽകാൻ പത്തംഗ ദൗത്യസംഘത്തെയായിരുന്നു സുപ്രീം കോടതി നിയോഗിച്ചിരുന്നത്. നാവികസേനയുടെ മെഡിക്കൽ ഡയറക്ടർ നേതൃത്വം നൽകുന്ന ദൗത്യ സേനയിൽ ഡൽഹി എയിംസ് ഡയറക്ടർ അടക്കമുള്ളവരുണ്ട്.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്തതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ഡോക്ടറുടെ കൊലപാതകത്തെ ഒതുക്കിതീർക്കാൻ ബംഗാൾ സർക്കാരും പൊലീസും ശ്രമിച്ചതിന് അതിരൂക്ഷ വിമർശനവും കോടതി ഉന്നയിച്ചിരുന്നു. ഡോക്ടർമാരുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്രസർക്കാരും ഉറപ്പുനൽകിയിട്ടുണ്ട്.















