ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജപ്പാനിലെ തൊമികോ ഇതൂക. 116 വയസാണ് തൊമികോയുടെ പ്രായം. റെക്കോഡിന് ഉടമയായിരുന്ന 117 കാരി സ്പാനിഷ് മുത്തശ്ശി മരിയ ബ്രന്യാസ് മൊറേറ മരണപ്പെട്ടതോടെയാണ് ഈ റെക്കോഡ് തൊമികയെ തേടിയെത്തിയത്.
തിങ്കളാഴ്ച സ്‌പെയിനിലെ ഒരു നഴ്‌സിംഗ് ഹോമിലായിരുന്നു മരിയ ബ്രന്യാസ് മൊറേറയുടെ അന്ത്യം. ഇതിന് ശേഷമാണ് തൊമികയെ പ്രായം കൂടിയ വ്യക്തിയായി അംഗീകരിച്ചത്. പർവ്വതാരോഹക കൂടിയായ ഇതൂക്ക 1908 മെയ് 23 നാണ് ജനിച്ചത്.
പടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ആഷിയയിലാണ് ഇവർ നിലവിൽ താമസിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായ ജെറന്റോളജി റിസർച്ച് ഗ്രൂപ്പ് പറഞ്ഞു. 70 ാം വയസിലും പർവതാരോഹണം ഹരമായും വിനോദമായും തൊമിക കൂടെക്കൂട്ടിയിരുന്നു. ജപ്പാനിലെ ഓൺടേക് കൊടുമുടിയുടെ 10,062 അടി (3067 മീറ്റർ) ഉയരം വരെ കയറിയിട്ടുണ്ട്.
നൂറാം വയസിൽ ജപ്പാനിലെ ആഷിയ ദേവാലയത്തിന്റെ നീണ്ട പടവുകൾ വടിയുടെ സഹായം പോലുമില്ലാതെ കയറിയ ചരിത്രവും തൊമികയ്‌ക്കൊപ്പം ഉണ്ട്.