വിശാഖപട്ടണം:കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന അസം സ്വദേശിനികളായ ദമ്പതികളുടെ മകളെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. 37 മണിക്കൂറിന് ശേഷമാണ് ഒടുവിൽ കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. മലയാളി അസോസിയേഷൻ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ട കുട്ടിയെ റെയിൽവേ പൊലീസിൽ (RPF) ഏൽപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പിണങ്ങിപോയതായിരുന്നു 13-കാരി. എഗ്മൂർ സ്‌റ്റേഷനിൽ വന്നിറങ്ങിയ കുട്ടി അവിടെ നിന്ന് താംബരം സ്റ്റേഷനിലെത്തി പശ്ചിമ ബംഗാളിലേക്കുളള ട്രെയിൻ കയറുകയായിരുന്നു. താംബരം എക്സ്പ്രസ് ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. അസമിലെ കുടുംബവീട്ടിലേക്ക് പോവാനായിരുന്നു ശ്രമം. ഇതിനിടെയാണ് മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ കാണാനിടയായത്. ആഹാരം കഴിക്കാത്തതിനാൽ കുട്ടി ക്ഷീണിതയാണെന്നാണ് വിവരം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കുട്ടിയെ എത്രയും വേഗം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. അതിന് ശേഷം കേരളാ പൊലീസിന് കൈമാറിയേക്കും. കേരളാ പൊലീസിൽ നിന്നുള്ള സംഘം ഉടൻ വിശാഖപട്ടണത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.















