നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ താൻ ഇപ്പോഴും കളിയാക്കൽ നേരിടുന്നുണ്ടെന്ന് മഞ്ജു പത്രോസ്. കൂടെ വർക്ക് ചെയ്യുന്നവരിൽ നിന്ന് പോലും അത്തരം കളിയാക്കലുകൾ താൻ കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.
“സ്റ്റേറ്റ് അവാർഡ് കിട്ടിയതിന് ശേഷവും ഞാൻ ഒരുപാട് ബോഡി ഷെയിമിംഗ് അനുഭവിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി പലരും ഇങ്ങോട്ട് വന്ന് സംസാരിച്ചിട്ടുണ്ട്. കൂടെ വർക്ക് ചെയ്യുന്നവർ പോലും കളറിന്റെയും വണ്ണത്തിന്റെയും പേരിൽ കളിയാക്കും”.
തനിക്ക് ഭയങ്കര അഹങ്കാരവും ജാഡയുമാണെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. പക്ഷേ താൻ വെറും പാവമാണ്. നിറത്തിലും വണ്ണത്തിലും ഒരു കാര്യവുമില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വിഷമിപ്പിക്കാൻ ആരെങ്കിലും വന്നാൽ അതിനും അപ്പുറം കടക്കാൻ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കുമെന്നും മഞ്ജു പത്രോസ് പറഞ്ഞു.