ദിസ്പൂർ: അസമിൽ മുസ്ലീം വിവാഹവും വിവാഹമോചനവും സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിർദ്ദിഷ്ട നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുസ്ലീം വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അസം നിർബന്ധിത രജിസ്ട്രേഷൻ ബിൽ 2024 (The Assam Compulsory Registration of Muslim Marriage and Divorce Bill, 2024) അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. ബിൽ നിയമമാകുന്നതോടെ മുസ്ലീം വിവാഹങ്ങളിലും വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്യുന്ന ഖാസിമാരുടെ പങ്ക് അവസാനിക്കും.
ശൈശവ വിവാഹം തടയുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ബില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിയമം വഴി 1935 മുതൽ 94 ഖാസിമാരുടെ പക്കലുള്ള രജിസ്ട്രേഷൻ രേഖകൾ കസ്റ്റഡിയിലെടുക്കാൻ ജില്ലാ കമ്മീഷണർമാർക്കും രജിസ്ട്രാർമാർക്കും അധികാരം നൽകുമെന്നും മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.
18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹങ്ങൾ രജിസ്ട്രർ ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കും. ഇസ്ലാമിക വിവാഹ സമ്പ്രദായത്തിൽ യാതൊരു വിധ മാറ്റങ്ങളും പുതിയ നിയമം വരുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷൻ ചെയ്യുന്ന കാര്യത്തിൽ മാത്രമാകും വ്യത്യാസം വരുകയുള്ളൂവെന്നും വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫാസിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദിഷ്ട നിയമം യാഥാർത്ഥ്യമാക്കുന്നതിനായി അടുത്തിടെ മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കുന്നതിനുള്ള ബില്ലിന് ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെയും 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെയും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനും ശൈശവ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യത നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1935-ലെ നിയമം റദ്ദാക്കിയത്.
ശിശുസംരക്ഷണ റിപ്പോർട്ട് പ്രകാരം അസമിൽ ശൈശവ വിവാഹത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021-നും 2023-നുമിടയിൽ 20 ജില്ലകളിലായി 81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ശൈശവ വിവാഹത്തിന് പൂട്ടിടാനുള്ള അസം സർക്കാരിന്റെ നീക്കങ്ങളെ രാജ്യമെമ്പാടും പ്രശംസിക്കുകയാണ്. ഇതിനിടയിലാണ് പുത്തൻ ചുവടുവയ്പ്പ്.