തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. സീറ്റിലിരുന്ന് കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്ന് തോന്നിയിരുന്നില്ലെന്നും ബബിത പറഞ്ഞു.
കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റക്കാണെന്ന് കരുതിയിരുന്നില്ല. ചുമ്മാ വെറുതെ എടുത്ത് വച്ചേക്കാമെന്ന് കരുതിയാണ് ഫോട്ടോ എടുത്തത്. കുട്ടിക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് പുലർച്ചെ വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്. അപ്പോൾ തന്നെ ചിത്രം പൊലീസിന് അയച്ചുകൊടുത്തു. പിന്നാലെ തെരച്ചിൽ വേഗത്തിലാക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞുവെന്നും ബബിത പറഞ്ഞു.
37 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്നലെ വിശാഖപട്ടണത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രവർത്തകരാണ് താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടത്. കുട്ടി ട്രെയിനുള്ളിലെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അസം സ്വദേശികളായ യുവാക്കൾ കുട്ടിയുടെ ചുറ്റും നിൽക്കുന്നുണ്ടായിരുന്നുവെന്ന് മലയാളി അസോസിയേഷൻ അംഗം പ്രതികരിച്ചിരുന്നു.
കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണത്തിലാണുള്ളത്. ഉടൻ തന്നെ ചൈൽഡ്ലൈന് കൈമാറും. കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമായിരിക്കും കുടുംബത്തിന് കൈമാറുക. കുട്ടിയ്‌ക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.















