പാറശ്ശാല: മഴ നനയാതെ കിടന്നുറങ്ങാൻ ഇനി എവിടെ പോകുമെന്ന ആശങ്കയിലാണ് പാറശ്ശാല നെടുവാൻവിള ചാമവിളയിൽ മാധവവിലാസം വീട്ടിൽ 65 കാരി പ്രഭയും 95 വയസുകാരിയായ അമ്മ പങ്കജാക്ഷിയും. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും സമീപത്തെ തേക്ക് മരത്തിന്റെ ചില്ലകളൊടിഞ്ഞുവീണ് മുരിയങ്കര വാർഡിലുളള ((വാർഡ് നമ്പർ 12) ഇവരുടെ വീടിന്റെ മേൽക്കൂര പാടേ തകർന്നു.
പങ്കജാക്ഷിയമ്മയും പ്രഭയും കിടന്ന മുറിയിലേക്കാണ് കമ്പുകൾ ഒടിഞ്ഞു വീണത്. ആസ്ബറ്റോസ് ഷീറ്റിന്റെ മേൽക്കൂര ആയിരുന്നതിനാൽ പൂർണമായി തകർന്നു. അമ്മയും മകളും കിടന്ന കട്ടിലിലേക്കാണ് ഷീറ്റും മരക്കൊമ്പും ചില്ലകളും വീണത്. തലനാരിഴയ്‌ക്കാണ് രക്ഷപെട്ടതെന്ന് ഇരുവരും പറഞ്ഞു.
ഹോളോബ്രിക്‌സ് കൊണ്ട് കെട്ടിയ ചെറിയ വീടാണ് ഇവരുടേത്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടിന്റെ തേപ്പോ മറ്റ് പണികളോ പൂർത്തിയാക്കിയിരുന്നില്ല. കമ്പ് വീണ് ജനലുകളും ചുവരും എല്ലാം തകർത്തു. പാറശ്ശാല പഞ്ചായത്ത് പരിധിയിലാണ് ഇവർ താമസിക്കുന്നത്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ നാശനഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കണം. സർക്കാർ നഷ്ടപരിഹാരം തരുന്നത് വരെ എന്തുചെയ്യുമെന്ന് രണ്ടു പേർക്കും നിശ്ചയമില്ല.
പ്രഭയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയി. രണ്ട് പെൺമക്കളെയും വിവാഹം കഴിച്ച് അയച്ചു. അമ്മയെ സംരക്ഷിക്കേണ്ടതുകൊണ്ട് അമ്മയ്‌ക്കൊപ്പമാണ് പ്രഭയുടെ താമസം. വീട് തകർന്നതോടെ പ്രായമായ അമ്മയെയും കൊണ്ട് ഇനി എവിടെ പോകാനാണെന്ന ആശങ്കയിലാണ് പ്രഭ.