കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്എഫ്ഐ മുൻ നേതാവുമായ കെ. വിദ്യയ്‌ക്ക് പിഎച്ച്ഡി പഠനം തുടരാമെന്ന് കാലടി സർവ്വകലാശാല അന്വേഷണ സമിതി. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിനും സംസ്കൃത സർവ്വകലാശാലയിലെ പഠനത്തിനും ബന്ധമില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ വാദം. ഇടത് എംഎൽഎ കെ. പ്രേംകുമാർ അദ്ധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി നൽകിയ റിപ്പോർട്ടും വിദ്യയ്‌ക്ക് അനുകൂലമായിരുന്നു. സർവ്വകലാശാലയുടെ പുറത്ത നടന്ന സംഭവത്തിൽ ഗവേഷണ പഠനം തടയേണ്ടതില്ലെന്നാണ് ഉപസമിതിയുടെ വാദം. പഠനം തുടരാൻ അനുമതി ആവശ്യപ്പെട്ട് വിദ്യ സർവ്വകലാശാലയ്‌ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത അക്കാദമിക്ക് കൗൺസിൽ യോഗം വിദ്യയ്ക്ക് അനുകുലമായി തീരുമാനമെടുക്കുമെന്നാണ് സൂചന.
വ്യാജ പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആ സമയത്ത് കാലടി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു വിദ്യ. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.
എസ്ഐഐ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയുടെ കൂട്ടുകാരിയാണ് കെ വിദ്യ. വ്യാജ രേഖ ചമയ്‌ക്കാൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ആർഷോയുടെ സഹായം ലഭിച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു.