ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് നടി ഉഷ ഹസീന. പൊലീസിൽ പരാതി നൽകാൻ നടിമാർ മുന്നോട്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമ മേഖലയിലെ എല്ലാവരുമല്ല, കുറച്ചാളുകൾ മോശക്കാരാണ്. അവർ മോശമായി പെരുമാറുന്നവരാണ്. ഇത്തരക്കാരിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ടവർ പരാതി നൽകാൻ തയ്യാറാവണം. അതിൽ ശക്തമായ നടപടി ഉണ്ടാകണം. തനിക്കും സിനിമ സെറ്റിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകനാണ് മോശമായി പെരുമാറിയതെന്നും അവർ വ്യക്തമാക്കി.
ഷൂട്ടിംഗിനായി വന്ന ദിവസം തന്നോട് വളരെ സ്നേഹത്തിലായിരുന്നു സംവിധായകൻ പെരുമാറിയത്. സെറ്റിൽ നല്ലപോലെ സ്വാതന്ത്ര്യം നൽകുകയും ചെയ്തു. അന്നേദിവസം രാത്രി സംവിധായകന്റെ കോൾ വന്നു. അയാളുടെ റൂമിലേക്ക് വരാൻ പറഞ്ഞാണ് വിളിച്ചത്. ഞാൻ എന്റെ ഫാദറിനെയും കൂട്ടി അയാളുടെ റൂമിൽ പോയി. അതോടെ അയാളുടെ പദ്ധതി തകർന്നു. പിറ്റേന്ന് അതിന്റെ ദേഷ്യം എന്നോട് അയാൾ തീർത്തു. എത്ര നന്നായി അഭിനയിച്ചാലും ശരിയായിട്ടില്ലെന്ന് പറഞ്ഞ് വഴക്ക് പറയുകയായിരുന്നു. പിന്നീട് അതേ സംവിധായകന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല.
നടൻമാർ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷേ തന്റെ സഹപ്രവർത്തകർക്ക് നടന്മാരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും നടി ഉഷ ഹസീന പറഞ്ഞു.















