മണിച്ചിത്രത്താഴ് ഒരു സിനിമയല്ലെന്നും അതൊരു സംഭവമാണെന്നും നടി വിനയ പ്രസാദ്. മണിച്ചിത്രത്താഴിൽ അഭിനയിച്ച ശേഷം എല്ലാവരും തന്നെ ശ്രീദേവി എന്നാണ് വിളിക്കുന്നതെന്നും ആ കഥാപാത്രത്തിന് ഇത്രയും പ്രേക്ഷകപ്രീതി ലഭിക്കുമെന്ന് കരുതിയില്ലെന്നും വിനയ പ്രസാദ് പറഞ്ഞു. റീ റിലീസിനെത്തിയ മണിച്ചിത്രത്താഴിനെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
“200-ൽ കൂടുതൽ തവണ ഞാൻ മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്. എന്ത് നല്ല കഥയാണ് എന്നാണ് കൊച്ചുകുട്ടികൾ പോലും ചോദിക്കുന്നത്. ഈ കഥ എങ്ങനെ എഴുതി, ഇത് എവിടെ നിന്ന് കിട്ടി, എവിടെ നിന്നെങ്കിലും എടുത്ത കഥയാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇതറിയാനായി ഒരുപാട് ബോളിവുഡ് കഥകളൊക്കെ വായിച്ചിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എല്ലാവർക്കും ഒരു അത്ഭുതമാണ് മണിച്ചിത്രത്താഴ്. എവിടെ പോയാലും ശ്രീദേവി എന്നാണ് വിളിക്കുന്നത്. ഈ കഥാപാത്രത്തെ പ്രേക്ഷകർ ഇത്രയധികം ഏറ്റെടുക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല”.
സിനിമയുടെ ക്ലൈമാക്സ് സീനിൽ, ഒന്ന് ഓടിവരണം എന്ന് മാത്രമാണ് ഫാസിൽ സാർ പറഞ്ഞിരുന്നത്. ആരെ നോക്കി വരണം എവിടെ നോക്കണം അതൊന്നും എനിക്കറിയില്ലായിരുന്നു. റ്റാറ്റ പറയണോ എന്ന് ഞാൻ കുറെ തവണ സാറിനോട് ചോദിച്ചിരുന്നു. അതൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോഹൻലാൽ സാറാണ് തന്നെ മണിച്ചിത്രത്താഴിലേക്ക് കൊണ്ടുവന്നത്. എന്നെ കുറിച്ച് അദ്ദേഹമാണ് ഫാസിൽ സാറിനോട് പറഞ്ഞത്. തന്നെ കാണുമ്പോൾ മണിച്ചിത്രത്താഴും ശ്രീദേവിയെയും മാത്രമാണ് ഓർമ വരുന്നതെന്ന് ലാലേട്ടൻ പല തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിനയ പ്രസാദ് പറഞ്ഞു.















