ഇന്ത്യയിലെ 72% തൊഴിൽ ദാതാക്കളും ഈ വർഷം പകുതി മുതൽ നിയമനം നൽകാൻ ആഗ്രഹിക്കുന്നത് പുതുമുഖങ്ങൾക്കെന്ന് റിപ്പോർട്ട്. ടീംലീസ് എഡ്ടെക് പുറത്തുവിട്ട സർവ്വേ റിപ്പോർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. “കരിയർ ഔട്ട് ലുക്ക് റിപ്പോർട്ട് HY2” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പഠിച്ചിറങ്ങിയ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിച്ചതായുള്ള ശുഭ വാർത്ത.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തെ 603 കമ്പനികളിലായി നടത്തിയ സർവേയിൽ തൊഴിൽ മേഖല പുതുമുഖങ്ങളായ ബിരുദധാരികൾക്ക് അവസരങ്ങൾ കൂടുതൽ തുറന്നു നൽകുന്നുവെന്നാണ് കണ്ടെത്തൽ. ഇ-കൊമേഴ്‌സ്, ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ, എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യം, ചില്ലറ വ്യാപാരം എന്നിവയാണ് 2024-ന്റെ ഇനിയുള്ള വർഷങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന മികച്ച മൂന്ന് തൊഴിൽ മേഖലകളായി കണക്കാക്കപ്പെടുന്നത്.
ഫുൾ സ്റ്റാക്ക് ഡെവലപ്പർ, എസ്ഇഒ എക്‌സിക്യൂട്ടീവ്, ഡിജിറ്റൽ സെയിൽസ് അസോസിയേറ്റ്, യുഐ/യുഎക്‌സ് ഡിസൈനർ എന്നീട് പോസ്റ്റുകളിലേക്ക് തൊഴിലുടമകൾ പുതുമുഖക്കാരെ അന്വേഷിക്കുന്നുണ്ട്. അതേസമയം, സൈബർ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ആവശ്യക്കാരേറെയെന്ന് പഠനം പറയുന്നു.
പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുമെന്ന തൊഴിൽ ദാതാക്കളുടെ പുതിയ നീക്കം രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ്. ഇത് തൊഴിലുടമകൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിൻെറ സൂചനയാണെന്നും കൂടുതൽ പ്രഗത്ഭരായ യുവാക്കൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമെന്നും ടീംലീസ് എഡ്ടെക് സിഇഒ ശാന്തനു രൂജ് പറഞ്ഞു.















