തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരുടെ താത്ക്കാലിക പുനരധിവാസം വൈകുന്നുവെന്ന പരാതിയിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ഇത്ര വലിയ ദുരന്തം ലോകത്ത് തന്നെ അപൂർവമാണെന്നും ആദ്യഘട്ടം മുതൽ തന്നെ സർക്കാർ ഇതിന് മുൻഗണന നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ നാല് ക്യാമ്പുകളിലായി 35 കുടുംബങ്ങൾ മാത്രമാണ് കഴിയുന്നത്. 19 കുടുംബങ്ങൾ കൂടി നാളെ ക്യാമ്പുകളിൽ നിന്ന് മാറും. 14 കുടുംബങ്ങൾക്ക് മാറാനുള്ള സൗകര്യം ഉടൻ ഒരുക്കും. താത്ക്കാലിക പുനരധിവാസം വൈകുന്നില്ല. ഈ മാസം കൊണ്ട് തന്നെ പുനരധിവാസം പൂർത്തിയാക്കും.
താത്ക്കാലിക പുനരധിവാസത്തെ തുടർന്ന് ക്യാമ്പിൽ നിന്ന് പോയവർക്ക് ആവശ്യങ്ങൾ അറിയിക്കാനുള്ള നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തി രണ്ട് റിപ്പോർട്ടുകളാണ് ജോൺ മത്തായി സമർപ്പിച്ചിട്ടുള്ളത്. 119 പേരാണ് കാണാതയവരുടെ പട്ടികയിലുള്ളത്. 17 കുടുംബങ്ങളിലെ അംഗങ്ങൾ എല്ലാവരും മരിച്ചു. ദുരിതബാധിതരുടെ സ്ഥിരമായ പുനരധിവാസത്തിന് പത്ത് സ്ഥലങ്ങൾ പരിഗണനയിലുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പുനരധിവാസം പൂർത്തിയാക്കുമെന്നും കെ രാജൻ പറഞ്ഞു.