കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കാൻ സിബിഐ. മുൻപ്രിൻസിപ്പൽ സന്ദീപ് ഘോഷിനൊപ്പം വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ഡോക്ടർമാരെയും പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് സിബിഐയുടെ തീരുമാനം. ഇതിനായി അന്വേഷണസംഘം ഇന്ന് പ്രത്യേക കോടതിയെ സമീപിച്ച് അനുമതി നേടി.
കഴിഞ്ഞ ഒരാഴ്ചയായി മുൻപ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇതുവരെ തൃപ്തികരമായ മറുപടികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾക്ക് നൽകിയ തെറ്റായ വിവരങ്ങളും പൊലീസിൽ പരാതി നൽകാനുള്ള കാലതാമസവും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സന്ദീപ് ഘോഷ് ഉത്തരം നൽകിയിട്ടില്ല.
ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതിയും മുൻപ്രിൻസിപ്പലിനെ രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് കേസ് അസ്വാഭാവിക മരണമായി കണക്കാക്കിയതെന്ന് കോടതി ചോദിച്ചു. ഔപചാരികമായ ഒരു പരാതിയും ഇല്ലാതിരിക്കുമ്പോഴാണ് സാധാരണയായി അസ്വാഭാവിക മരണത്തിന് കേസ് ഫയൽ ചെയ്യുന്നത്. ഇത്തരം കേസുകളിൽ ഔദ്യോഗികമായി പരാതി നൽകേണ്ടത് സ്ഥാപന മേധാവിയുടെ കടമയാണെന്നും കോടതി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രിൻസിപ്പൽ എഫ്ഐആർ ഫയൽ ചെയ്യാൻ തയ്യാറാകാതിരുന്നതെന്നും ആരെങ്കിലും തടഞ്ഞതുകൊണ്ടാണോയെന്നും കോടതി ചോദിച്ചു.















