ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. അനവസരത്തിലുള്ള ചിരിക്ക് സാക്ഷിയായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ‘ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു’വെന്ന് കപിൽ സിബലിനെ ഓർമിപ്പിച്ചു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൾ കോളേജിൽ ഓഗസ്റ്റ് ഒമ്പതിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലായിരുന്നു വാദം നടന്നിരുന്നത്. സിബിഐയ്‌ക്ക് വേണ്ടി തുഷാർ മേത്ത ഹാജരായപ്പോൾ ബംഗാൾ സർക്കാരിന് വേണ്ടിയായിരുന്നു കപിൽ സിബൽ വാദിച്ചത്. പൊലീസ് കേസെടുക്കാൻ വൈകിയത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ വാദം ഉന്നയിക്കുന്നതിനിടെ കപിൽ സിബൽ ചിരിക്കുകയായിരുന്നു.
“ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു.. അതും തീർത്തും മനുഷ്യത്വരഹിതമായ മാന്യതയില്ലാത്ത രീതിയിൽ.. ഒരാൾ മരിച്ചിരിക്കുന്നു.. കുറഞ്ഞത് ചിരിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കണം..” ഇതായിരുന്നു കപിൽ സിബലിന്റെ പെരുമാറ്റത്തിന് സോളിസിറ്റർ ജനറൽ നൽകിയ മറുപടി.
31 വയസുള്ള ട്രെയിനി ഡോക്ടർ ആശുപത്രിയിലെ സെമിനാർ ഹോളിലായിരുന്നു മരിച്ച് കിടന്നിരുന്നത്. വനിതാ ഡോക്ടർ അതിക്രൂരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലാവുകയും ചെയ്തു. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ഇതിനിടെ നടന്നിരുന്നു. കേസന്വേഷണത്തിൽ കൊൽക്കത്ത പൊലീസ് കാണിച്ച അലംഭാവവും മെഡിക്കൽ കോളേജിന് സംഭവിച്ച വീഴ്ചയും വലിയ പ്രതിഷേധത്തിന് കാരണമായി. കൊൽക്കത്ത പൊലീസ് കേസ് കൈമാറിയപ്പോഴേക്കും പല സുപ്രധാന തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നുവെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.















