ആലപ്പുഴ: പാർട്ടിത്തീരുമാനം അട്ടിമറിച്ചെന്ന ആരോപണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെതിരേ സി.പി.എം. അരൂർ ഏരിയ കമ്മിറ്റി രംഗത്ത്. സഹകരണ ബാങ്ക് നിയമനത്തിൽ പാർട്ടിയുടെ നിർദേശം അട്ടിമറിച്ചു എന്നാണ് ആരോപണം.
ഈ വിഷയം ഉയർത്തി ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിരുന്നുവ്യാഴാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ എല്ലാ അംഗങ്ങളും . ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്
സി.ബി. ചന്ദ്രബാബു പ്രസിഡന്റായ സഹകരണബാങ്കിൽ അടുത്തിടെ നടന്ന നിയമനത്തിൽ ഏരിയ കമ്മിറ്റി നിർദേശിച്ചയാളെ നിയമിക്കാതെ അതേ ബാങ്കിൽ ദീർഘകാലമായി താത്‌കാലിക ജീവനക്കാരനായിരിക്കുന്ന ആളെ നിയമിച്ചുവെന്നാണ് പരാതിക്ക് കാരണം.
ഈ വിഷയത്തിൽ ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും അംഗീകരിച്ചിരുന്നു എന്ന് പറയുന്നു. ഇതും മറികടന്ന് നിയമനം നടത്തിയപ്പോൾ ഏരിയ കമ്മിറ്റിയിലെ ചിലരുടെ അഭിമാനത്തിന് ക്ഷതമേറ്റു എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അതിനാൽ ചന്ദ്രബാബു നടത്തിയത് ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനമായാണ് ഏരിയ കമ്മിറ്റി ചിത്രീകരിക്കുന്നത്.
അതുകൊണ്ട് നടത്തിയ നിയമനം റദ്ദാക്കി പാർട്ടിനിർദേശം എന്ന പേരിൽ ഏരിയാകമ്മിറ്റി നൽകിയ നിർദേശം നടപ്പാക്കണമെന്നും പ്രസിഡന്റുസ്ഥാനത്തുനിന്ന് ചന്ദ്രബാബുവിനെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഏരിയ കമ്മിറ്റിയിൽ ഉയർന്നത്.
ചേർത്തല അരൂർ ഏരിയാകമ്മിറ്റികളിൽ ഉണ്ടായ ശാക്തിക വ്യതിയാനവും പാർലിമെന്റ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് ശേഷം എ എം ആരിഫ് ലോക്കൽ രാഷ്‌ട്രീയത്തിലേക്ക് തിരികെ എത്തിയതും ഒക്കെ ഇതുമായി ചേർത്ത് വായിക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.
ഏരിയ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ.പി. ഷിബു, ഏരിയ സെക്രട്ടറി പി.കെ. സാബു എന്നിവർ പങ്കെടുത്തു.















