തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആർക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ടോ അവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്നും സർക്കാരിന് ഒന്നും തന്നെ മറച്ചുവയ്‌ക്കാനില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ ഒഴിവാക്കിയത്. 129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ കമ്മീഷന്റെ നിർദേശം ലംഘിച്ചാണ് സർക്കാർ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയത്.















