കാൺപൂർ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പാളം തെറ്റിക്കാൻ റെയിൽവേ ട്രാക്കിൽ അലോയ് വീൽ വച്ച യുവാവ് അറസ്റ്റിൽ. അലിഗഡിലെ കെൽപൂർ സ്വദേശി അഫ്സാനാണ് പിടിയിലായത് . ഓഗസ്റ്റ് 17-ന് സബർമതി എക്‌സ്‌പ്രസ് പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിന് തൊട്ടുപിന്നാലെയാണ് തലാഷ്പൂർ മേഖലയിലൂടെ കടന്നുപോകുന്ന ഡൽഹി-കാൺപൂർ ചരക്ക് ഇടനാഴിയിലെ റെയിൽവേ ട്രാക്കിൽ ബൈക്കിന്റെ അലോയ് വീൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും, റൊരാവർ പോലീസും സ്ഥലത്തെത്തി ചക്രം നീക്കം ചെയ്തു. ട്രാക്കുകളും പരിസര പ്രദേശങ്ങളും പരിശോധിച്ച ആർപിഎഫ് അന്വേഷണം ആരംഭിച്ചിരുന്നു .മാത്രമല്ല മൂന്ന് പോലീസ് ടീമുകളെയും ഇതിനായി ലോക്കൽ പോലീസ് വിന്യസിച്ചു.
നേരത്തെ, ഓഗസ്റ്റ് 17 ന് കാൺപൂരിന് സമീപം സബർമതി എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റിയിരുന്നു. പാളം തെറ്റിയത് ട്രാക്കിൽ വച്ച വസ്തു മൂലമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് കാഴ്‌ച്ചക്കാരെ കിട്ടാനായി ട്രാക്കിൽ സൈക്കിളുകൾ, കല്ലുകൾ തുടങ്ങിയ വസ്തുക്കൾ വച്ചതിന് യൂട്യൂബർ ഗുൽസാർ ഷെയ്ഖും ഈ മാസം ആദ്യം അറസ്റ്റിലായി.