ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു . നേപ്പാൾ സ്വദേശികളായ തുൽ ബഹാദൂർ, പൂർണ നേപ്പാളി, കിഷൻ പരിഹാർ, ചിക്കു ബുറ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.രാത്രി വൈകിയാണ് മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. രുദ്രപ്രയാഗ് കൺട്രോൾ റൂമിൽ രാത്രി 1.30ഓടെയാണ് അപകടം സംഭവിച്ചുവെന്നുള്ള സന്ദേശം ലഭിച്ചത്. പിന്നാലെയാണ് ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. മണ്ണിടിഞ്ഞ് പ്രധാന പാതയിൽ തടസ്സങ്ങളുണ്ടായതിനാൽ രണ്ട് കിലോമീറ്റർ ദൂരത്തോളം നടന്ന ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താൻ സാധിച്ചത്.
കനത്ത മഴ കാരണം യന്ത്രങ്ങൾ ഇവിടേക്ക് എത്തിക്കുന്നതും ബുദ്ധിമുട്ടായിരുന്നു. ഇതോടെ കുടുങ്ങികിടക്കുന്നവരെ കണ്ടെത്തുന്നതിനായി കൈ ഉപയോഗിച്ച് മണ്ണ് മാറ്റേണ്ട സാഹചര്യവും ഉണ്ടായതായി രക്ഷാപ്രവർത്തകർ പറയുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാല് പേരുടേയും മൃതദേഹങ്ങൾ പുറത്തെടുത്തത്.















