ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസിന് നൂറ് ശതമാനം കേസെടുക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. തെളിവും പരാതിയും ഒന്നും വേണ്ട. പരസ്യമായി ഉന്നയിച്ച വിഷയങ്ങളിൽ പൊലീസിന് സ്വമേധയ കേസെടുക്കാൻ സാധിക്കും. അതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാനാകുമെന്നും അഖിൽ മാരാർ പറഞ്ഞു.
ഏത് കാലഘട്ടത്തെ പ്രശ്നങ്ങളാണ് റിപ്പോർട്ടിലുള്ളത് എന്ന് വ്യക്തമാക്കണം. 90 കാലഘട്ടത്തിലുള്ള സിനിമകളിലെ പ്രശ്നങ്ങളാണോ എന്നത് പുറത്തുപറയണം. ഏത് കാലത്തുള്ള സ്ത്രീകളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിശദീകരിക്കണം. എത്ര നടിമാരുടെ പരാതികളാണ് ശേഖരിച്ചത്, ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് പരാതിക്കാർ, പുതിയ തലമുറയിലെ നടിമാർ മൊഴി നൽകാൻ ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങൾ വ്യക്തമാക്കണം.
സിനിമയിൽ നിന്ന് അവസരം നിഷേധിക്കപ്പെട്ട് മേഖലയിൽ നിന്ന് പുറത്തായതിന് ശേഷം ഇനി ആളുകളുടെ നെഞ്ചത്ത് കയറിയേക്കാം എന്ന് വിചാരിച്ച് ഗ്രൂപ്പ് ഉണ്ടാക്കിയ അവരുടെ മൊഴികൾ മാത്രമാണോ ഹേമ കമ്മീഷൻ രേഖപ്പെടുത്തിയതെന്ന് അറിയണം. ഡബ്ല്യൂസിസിയിലുള്ള 56 പേർ മാത്രമാണോ മൊഴി കൊടുത്തതെന്നും കമ്മിറ്റി വ്യക്തമാക്കേണ്ടതുണ്ട്. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. നീതി ലഭ്യമാകണമെന്നും അഖിൽ മാരാർ പറഞ്ഞു.
സിനിമാ മേഖലയിൽ മാർക്കറ്റ് വാല്യൂ നോക്കിയാണ് പ്രതിഫലം നൽകുന്നത്. മോഹൻലാലും നയൻതാരയും വാങ്ങുന്ന പണമല്ലല്ലോ പാർവതി തിരുവോതിന് കിട്ടുന്നത്. ആണോ പെണ്ണോ എന്ന് നോക്കിയിട്ടല്ല, അവരുടെ മാർക്കറ്റ് വാല്യൂ നോക്കിയാണ് പണം നൽകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് വിഡ്ഢിത്തം വിളിച്ച് പറയുന്നത്. എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കയറുന്നത് എന്തിനെന്നും അഖിൽ മാരാർ ചോദിച്ചു.















