കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ എൻ.സി.സി. വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് 13 വിദ്യാർത്ഥിനികളെ ബലാൽസംഗം ചെയ്ത കേസിൽ പ്രധാന പ്രതിയും അയാളുടെ അച്ഛനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.
കൃഷ്ണഗിരി ജില്ലയിലെ പാർക്കൂരിനടുത്ത് കണ്ടിക്കുപ്പത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് എൻ.സി.സി. ക്യാമ്പിന്റെ പേരിൽ വ്യാജ ക്യാമ്പ് നടത്തിയത്. ഇതിൽ പങ്കെടുത്ത എട്ടാം ക്ലാസ് വിദ്യാർഥിനിയെ വ്യാജ പരിശീലകൻ ശിവരാമൻ ബലാത്സംഗം ചെയ്തു എന്നതാണ് കേസ് . 13 വിദ്യാർത്ഥിനികളെ ശിവരാമൻ ലൈംഗികമായി പീഡിപ്പിച്ചതായും പറയപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശിവരാമാനും സ്‌കൂൾ പ്രിൻസിപ്പലടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം മറച്ചുവെച്ചതിനാണു സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായത്. അറസ്റ്റിനു ഒരു ദിവസം മുൻപ് അറസ്റ്റ് ഭയന്ന് ശിവരാമൻ എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം .
അറസ്റ്റിലായ ശിവരാമന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർ ചികിത്സയ്‌ക്കായി സേലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ ചികിത്സയിലായിരുന്ന മുഖ്യപ്രതി ശിവരാമന് ഇന്ന് രാവിലെ മരിച്ചു. ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതി മരിച്ചതോടെ കേസിന്റെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ പോകുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ശിവരാമന്റെ അച്ഛൻ അശോകുമാർ (61) ഇന്നലെ രാത്രി 11.30ന് ഇരുചക്രവാഹനത്തിൽ കാവേരിപട്ടണത്തുനിന്ന് തിമ്മപുരം ഗാന്ധി നഗർ ഭാഗത്തുള്ള വീട്ടിലേക്ക് പോയപ്പോൾ അപകടത്തിൽ പെട്ട് മരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ അശോകുമാർ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാവേരിപട്ടണം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.