ഹണ്ട് ഒരു ക്യാമ്പസ് ചിത്രമല്ലെന്നും സിനിമയുടെ ഒരു ഭാഗമായി മാത്രമാണ് ക്യാമ്പസ് വരുന്നതെന്നും നടി ഭാവന. ഒരുപാട് കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രമാണ് ഹണ്ട്. ആക്ഷൻ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകൻ ഷാജി സാറിന്റെ ഹൊറർ ത്രില്ലർ ചിത്രം പ്രേക്ഷകർ വിലയിരുത്തട്ടെയെന്നും ഭാവന പറഞ്ഞു. ഇന്ന് തിയേറ്ററിലെത്തിയ പുതിയ ചിത്രത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.
ഷാജി സാറിന്റേതായ രീതിയിൽ ഒരുപാട് മാറ്റങ്ങൾ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പാലാക്കാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഒരു മൃതദേഹത്തിൽ നിന്നും എന്റെ കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സിനിമയാണിത്.
ഷാജി സാറിനൊപ്പം ഇത് രണ്ടാമത്തെ ചിത്രമാണ്. ചിന്താമണി കൊലക്കേസിന്റെ കഥാപാത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് ഹണ്ടിലേത്. സിനിമാ മേഖലയ്‌ക്ക് വളർച്ച ഉണ്ടാകണമെങ്കിൽ തിയേറ്ററുകളിൽ പോയി തന്നെ എല്ലാവരും സിനിമ കാണണമെന്നും ഭാവന പറഞ്ഞു.















