ന്യൂഡൽഹി: കൊൽക്കത്തയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജോൺ എബ്രഹാം. ആൺമക്കളെ നല്ലത് പഠിപ്പിച്ച് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.
ഓരോ ആണുങ്ങളും സുരക്ഷാകവചമാകണം, അല്ലാതെ ഭീഷണിയാവരുത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണുങ്ങൾ പഠിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പെരുമാറ്റ രീതിയിലെ മോശം പ്രവണതകൾ ഒഴിവാക്കാൻ ആൺകുട്ടികൾ പഠിക്കണം. നല്ലവരായി പെരുമാറണം. അല്ലെങ്കിൽ അവരെ ഞാൻ രണ്ടായി കീറിമുറിക്കും”- ഇതായിരുന്നു ജോൺ എബ്രഹാമിന്റെ മറുപടി. കൊൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആൺകുട്ടികളോട് എന്തെങ്കിലും ഉപദേശിക്കാനുണ്ടോയെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ഓഗസ്റ്റ് ഒമ്പതിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കേസന്വേഷണത്തിൽ ബംഗാൾ പൊലീസ് വീഴ്ച വരുത്തിയതിനാൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.