തനിക്കും മോശം അനുഭവം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. മോശമായൊരു മെസേജ് വന്നപ്പോൾ തക്കതായ മറുപടി നൽകിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടേയില്ലെന്നും താരം പറഞ്ഞു.
കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും വേട്ടക്കാർ അഴികൾക്കുള്ളിലാകണം അവർ അഭിപ്രായപ്പെട്ടു. അവരുടെ പേര് പുറം ലോകമറിയണം. ഇനിയുള്ളവരെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കണം. മറ്റുള്ളവർ ഭയപ്പെടണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ വായിച്ചറിയുമ്പോൾ വേദന തോന്നുന്നു. റിപ്പോർട്ട് ജനങ്ങളിലേക്ക് എത്താൻ അഞ്ച് വർഷമെടുത്തതോർത്ത് അത്ഭുതം തോന്നുന്നു.
പലരും ഭയപ്പാട് കൊണ്ടായിരിക്കാം പരാതിപ്പെടാത്തത്. ആളുകൾ എങ്ങനെയെടുക്കുമെന്ന് ഭയക്കുന്നുണ്ടാകും. ഇത്രയേറെ സ്ത്രീകൾ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. അവർക്ക് നീതി ലഭിക്കണം. അമ്മക്കുള്ളിൽ ഭിന്നതയില്ല. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടനയായ അമ്മയിൽ കല്ലുകടികൾ ഉയരുന്നതിനിടെയാണ് എക്സിക്യൂട്ടീവ് അംഗത്തിന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്താനാകില്ലെന്നും നിയമനടപടി സ്വീകരിക്കണെമന്നും അമ്മ വൈസ് പ്രസിഡൻ്റ് ജഗദീഷും ഇന്നലെ പറഞ്ഞിരുന്നു.