കൊൽക്കത്ത ; മമത സർക്കാർ നൽകുന്ന വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ . ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണിത് . നിരവധി പൂജാ കമ്മിറ്റികളും തീരുമാനത്തിന് പിന്തുണ അറിയിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 23 ന്, മുഖ്യമന്ത്രി മമത ബാനർജി സമൂഹ ദുർഗാ പൂജയ്‌ക്കുള്ള ഓണറേറിയം 85,000 രൂപയായി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. മുൻ വർഷങ്ങളിൽ പൂജാ കമ്മിറ്റിക്ക് 70,000 രൂപയാണ് നൽകിയിരുന്നത്. എങ്കിലും സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരവധി കമ്മിറ്റികൾ ഗ്രാൻ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
സർക്കാർ ഗ്രാൻ്റ് നിരസിച്ച ആദ്യത്തെ പൂജാ കമ്മിറ്റികളിലൊന്നാണ് ഹൂഗ്ലി ജില്ലയിലെ ഉത്തര്‌പരയിൽ സ്ഥിതി ചെയ്യുന്ന ഉത്തരപര ശക്തി സംഘമാണ്. തങ്ങളുടെ തീരുമാനം ഏതെങ്കിലും രാഷ്‌ട്രീയ സംഘടനയുമായി യോജിച്ചുനിൽക്കാനോ എതിർക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് കമ്മിറ്റി സെക്രട്ടറി പ്രൊസെൻജിത് ഘോഷ് പറഞ്ഞു. “കുറ്റവാളികളെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകുന്നതുവരെ, ഞങ്ങൾക്ക് ഗ്രാൻ്റ് അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇരയ്‌ക്ക് നീതി ആവശ്യപ്പെടുകയും ചെയ്യുന്ന ഞങ്ങളുടെ രീതിയാണിത്,” ഘോഷ് വിശദീകരിച്ചു.പ്രൊസെൻജിത് ഘോഷ് പറഞ്ഞു.
ഉത്തരപാര ശക്തി സംഘത്തിന്റെ മാതൃക പിന്തുടർന്ന്, തെക്കൻ കൊൽക്കത്തയിലെ ഹൈലാൻഡ് പാർക്ക് ഉത്സവ് കമ്മിറ്റി, ഉത്തര്പാര ജയകൃഷ്ണ സ്ട്രീറ്റിലെ അപനാദർ ദുർഗാപൂജ, നാദിയ ജില്ലയിലെ ബേതുവ-ദാഹാരി ടൗൺ ക്ലബ് എന്നിവയുൾപ്പെടെ മറ്റ് ദുർഗാപൂജ കമ്മിറ്റികളും ഗ്രാന്റ് നിരസിക്കുകയായിരുന്നു.